കാസർകോട്: ശശി തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്ന് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. പാർട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നൽകിയിട്ടുണ്ട്. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോൺഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നൽകിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ സദ്പേരിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തികളാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അദ്ദേഹം രക്തസാക്ഷി പരിവേഷം നേടിയെടുത്ത് പുറത്തു പോകാൻ ശ്രമിക്കുന്നു. അത്തരമൊരു പരിവേഷം കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല. അതുകൊണ്ട് അദ്ദേഹത്തിന് വേണമെങ്കിൽ സ്വയം പാർട്ടിവിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പങ്കു വെച്ച് കോൺഗ്രസിനെതിരെ ഒളിയമ്പുമായി ശശി തരൂർ എം പി കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾ സഹകരിച്ച് മുമ്പോട്ട് പോകണമെന്നും, രാജ്യ താൽപ്പര്യത്തിനായി ഒന്നിച്ച് നിൽക്കണമെന്നും തരൂർ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവർത്തിക്കുകയാണെന്നും തരൂർ പറഞ്ഞു.
അടുത്തിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയും തരൂർ പുകഴ്ത്തി സംസാരിച്ചിരുന്നു. വിമർശനം ഏറ്റെടുത്ത ബിജെപി ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂർ നൽകിയതെന്നും അത് രാഹുൽ ഗാന്ധിക്കുള്ള സന്ദേശമാണെന്നുമാണ് പ്രതികരിച്ചത്.
