പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നേറി ഇടതുപാർട്ടികൾ. കോൺഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളിൽ ഒതുങ്ങുമ്പോൾ ഇടതുപാർട്ടികൾ ഒൻപത് ഇടത്ത് ലീഡ് ചെയ്യുന്നു. സിപിഐ(എംഎൽ) ലിബറേഷൻ ഏഴ് സീറ്റുകളിലും സിപിഎം, സിപിഐ എന്നിവർ ഓരോ സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
സിപിഐ(എംഎൽ) ലിബറേഷൻ സ്ഥാനാർഥികൾ ദരൗണ്ട, പാലിഗഞ്ച്, ആരാ, ഡുമ്രാവോൺ, കരാകട്ട്, അർവാൽ, ഖോസി എന്നീ സീറ്റുകളിലാണ് മുന്നിൽ നിൽക്കുമ്പോൾ സിപിഎം ഹയാഘട്ടിലും സിപിഐ ബിഭൂതിപൂർ മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.
61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് അഞ്ച് സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. മുന്നണിയിലെ മറ്റു പാർട്ടികളും കോൺഗ്രസും തമ്മിൽ ഏഴു സീറ്റുകളിൽ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 190ൽ അധികം സീറ്റുകളിൽ മുന്നിലാണ്. ഇടതുപാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യ സഖ്യം 49 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
ബിഹാറിൽ രണ്ട്ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടർമാരും 62.8 ശതമാനം പുരുഷവോട്ടർമാരുമാണ് ഇക്കുറി വോട്ട് ചെയ്തത്.
