കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തിൽ കസ്റ്റഡിയിൽ. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടൽ. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതൽ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം.
ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ഇയാൾ നൽകിയ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കേരളത്തിൽ പിടിയിലായതിന് പിന്നാലെ പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. മോഷണം നിർത്തും എന്ന് അന്ന് ഇയാൾ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം യു പിയിൽ നിന്നും സമാനമായ കേസിൽ ഡൽഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടുകയും ചെയ്തിരുന്നു.
