ട്രാൻസ്‌ജെൻഡർ വിദ്യാർഥിയെ എൻസിസിയിൽ ചേർക്കാൻ കഴിയില്ല: ഹൈക്കോടതി

കൊച്ചി: നിലവിലുള്ള നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വിദ്യാർഥിയെ എൻസിസി(നാഷണൽ കേഡറ്റ് കോർപ്‌സ്)യിൽ ചേർക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. 1948 നാഷണൽ കേഡറ്റ് കോർപ്‌സ് ആക്ട് പ്രകാരം ഇതിന് അർഹതയില്ല. സ്ത്രീ, പുരുഷ വിദ്യാർഥികൾക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്‌ജെൻഡറായിട്ടുള്ളവർക്ക് എൻസിസിയിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌മെൻ ആയ ഒരാൾ നൽകിയ അപേക്ഷ ജസ്റ്റിസ് എൻ നാഗരേഷ് തള്ളി.


ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ ചേരാൻ അവസരം നൽകേണ്ടതാണെങ്കിലും അനുവാദം നൽകണമെങ്കിൽ നിയമനിർമാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. എൻസിസിയിൽ ട്രാൻസ്‌ജെൻഡറുകൾക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാൽ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങൾ ആവശ്യമാണ്, കോടതി കൂട്ടിച്ചേർത്തു.


എൻസിസി പരിശീലന പദ്ധതിയിൽ കേഡറ്റുകൾക്ക് പലപ്പോഴും ടെന്റിലും മറ്റുമായി പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കേണ്ടി വരുന്നു. കടുത്ത പരിശീലനം ആവശ്യമാണ്. വിവിധ തരത്തിലുള്ള ക്യാംപുകൾ ആവശ്യമാണ്. സിലബസിലെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത ലിംഗത്തിലുള്ള കേഡറ്റുകളുടെ ക്ഷേമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേർതിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്ന് കോടതി പറഞ്ഞു.എൻസിസിയുടെ 30 (കെ) ബെറ്റാലിയനിൽ ചേരാൻ അനുവദിക്കണമെന്ന 22 വയസുള്ള ട്രാൻസ്‌ജെൻഡർ വിദ്യാർഥിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ട്രാൻസ്‌ജെൻഡർ ആയതിനാൽ എൻസിസിയിൽ ചേരാൻ കഴിയില്ലെന്ന് ആദ്യം തന്നെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താൻ കഴിയുമോയെന്ന് അറിയാൻ വിധിയുടെ പകർപ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് കോടതി നിർദേശിച്ചു. മറ്റൊരു കേസിൽ ഒരു ട്രാൻസ് വുമണിന് വനിതാ കേഡറ്റായി എൻസിസിയിൽ ചേരാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. 2024 മാർച്ചിൽ കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post