തിരുവനന്തപുരം: മൂന്നാർ സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ അധിക്ഷേപിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി കെബി ഗണേഷ് കുമാർ. മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരുടെ തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചവരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിൽ ഓടുന്ന പലവണ്ടികൾക്കും പെർമിറ്റില്ല. പലർക്കും ലൈസൻസ് ഇല്ല. നാളെ മുതൽ അവിടെ വീണ്ടും പരിശോധന ആരംഭിക്കും. ഇതിനായി ആർടിഒയെയും എൻഫോഴ്‌സ്‌മെന്റ് ആർടിഓയെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊലീസ് അവർക്ക് ആവശ്യമായ പിന്തുണ നൽകും. ലൈസൻസ് ഡ്രൈവ് ചെയ്യാനാണ്, ഗുണ്ടായിസത്തിന് അല്ലെന്നും സ്ത്രീകളെ ഉപദ്രവിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.
ഊബർ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല, കേരളത്തിലും നിരോധിച്ചിട്ടില്ല. ഊബർ വണ്ടി ഓടിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരും തൊഴിലാളികളാണ്. ഊബറിൽ വരുന്നവരെ തടയുന്നതൊന്നും പുരോഗമനസംസ്‌കാരമുള്ള നാട്ടിൽ നടക്കുന്നില്ല. കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറിൽ ഉണ്ടായിരുന്നത്. അന്ന് ശരിയായ രീതിയിൽ നിയമം നടപ്പാക്കിയെന്നും വരുംദിവസങ്ങളിലും നിയമം ശരിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പണിമുടക്കിയ റൂട്ട് കെഎസ്ആർടിസിസി ഇങ്ങ് എടുത്തു
കൊച്ചിയിൽ നടക്കുന്ന സ്വകാര്യബസ്സുകളുടെ മിന്നൽ പണിമുടക്കിനെതിരെയും മന്ത്രി രംഗത്തെത്തി. പണിമുടക്ക് റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 'ഇന്ന് എറണാകുളത്ത് സ്വകാര്യ ബസ്സുകൾ മിന്നൽപ്പണിമുടക്ക് നടക്കുന്നുണ്ട്. വേറെ കുഴപ്പമൊന്നുമില്ല. പണിമുടക്കിയ വണ്ടിക്ക് പകരം ആ റൂട്ട് എല്ലാം കെഎസ്ആർടിസി ഇങ്ങ് എടുത്തു. നാളെ മുതൽ ഓടാൻ പോകുകയാണ്. നാളെ മുതൽ ഇനി പ്രൈവറ്റ് ബസ് ഓടില്ല. ആ റൂട്ടിൽ കെഎസ്ആർടിസി ഓടും. മത്സരഓട്ടവും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങിനെതിരെയും കർശനനടപടി നടപടികൾ നടപ്പാക്കാമ്പോൾ ഗുണ്ടായിസവും ചട്ടമ്പിത്തരവുമൊന്നും അനുവദിക്കാനാവില്ല'- മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
