കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിനിടെ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് നടക്കാവ് വാർഡ് കൗൺസിലർ അൽഫോൻസാ മാത്യു രാജിവെച്ച് ആംആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. മാവൂർ റോഡ് വാർഡിൽ ആംആദ്മി സ്ഥാനാർഥിയായി ഇവർ മത്സരിക്കും. പൊതുപരിപാടിയിലെത്തിയാണ് അൽഫോൻസ കോഴിക്കോട് മേയർ ബീന ഫിലിപ്പിന് രാജിക്കത്ത് കൈമാറിയത്.
അതിനിടെ, സീറ്റ് വിഭജനത്തിൽ കോഴിക്കോട് കോർപ്പറേഷൻ ചാലപ്പുറം സീറ്റ് സിഎംപിക്ക് നൽകിയതിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തർക്കത്തെ തുടർന്ന് മണ്ഡലം പ്രസിഡന്റ് രാജി ഭീഷണി മുഴക്കി. ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം. അയൂബ് ഉൾപ്പടെയുള്ള വരാണ് രാജി കത്ത് നൽകിയത്. സീറ്റ് സിഎംപിയിൽ നിന്നും തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
ഡിസിസി ഓഫീസിൽ എത്തിയാണ് മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പടെ ഉള്ളവർ രാജി നൽകിയത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസിയിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യോഗം ചേരുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധം നടന്നത്. ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച അയ്യൂബിനെ നേതാക്കൾ ഇടപെട്ട് ഓഫീസിന് അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് തനിക്ക് പറയാനുള്ള ത് നേതൃത്വത്തെ അറിയിച്ചെന്നും, ശേഷം തീരുമാനം പ്രഖ്യാപിക്കും എന്നും അയ്യൂബ് അറിയിച്ചത്.
തീരുമാനം തിരുത്താൻ രാത്രി വരെ സമയം നൽകുമെന്നും അതിന് ശേഷം വാർത്താ സമ്മേളനമെന്നും പ്രതിഷേധവുമായി എത്തിയ നേതാക്കൾ പറഞ്ഞു. സിഎംപിക്ക് നൽകിയത് കോൺഗ്രസിന്റെ കുത്തക സീറ്റാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
