കൊച്ചി: തിരുവനന്തപുരം മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു മാത്രമല്ല സ്ഥാനാർത്ഥിത്വവും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. വൈഷ്ണയുടെ അപ്പീലിൽ രണ്ടു ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർ തീരുമാനം കൈക്കൊള്ളണമെന്നും ഹൈക്കോടതി നിർദേശിച്ചു. വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ വൈഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സാങ്കേതിക കാരണങ്ങളായി പറയുന്നത് തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും വൈഷ്ണ കോടതിയിൽ വാദിച്ചു. ഇതിന് താൻ ഉത്തരവാദിയല്ല. ഹിയറിങ്ങിന് വിളിച്ചപ്പോൾ തന്റെ കൈവശമുള്ള ആധാർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ല. എന്നു മാത്രമല്ല, പരാതി നൽകിയ ആൾ ഹിയറിങ്ങിൽ ഹാജരായിരുന്നുമില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് തന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടത്. 24 വയസ്സുള്ള പെൺകുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോൾ, രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അവകാശം നിഷേധിക്കരുത്. കേസിൽ വീണ്ടും ഹിയറിങ്ങ് നടത്താൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ഹിയറിങ്ങിൽ പരാതിക്കാരനായ സിപിഎം പ്രവർത്തകൻ ഹാജരാകണം. ഹിയറിങ്ങിനു ശേഷം തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലെങ്കിൽ കോടതിക്ക് ഇടപെടേണ്ടി വരും. അസാധാരണ അധികാരം കോടതിക്ക് ഉപയോഗിക്കേണ്ടി വരുമെന്നുംഹൈക്കോടതി വ്യക്തമാക്കി.
വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവർത്തകൻ ധനേഷ് കുമാർ കഴിഞ്ഞദിവസം കമ്മിഷന് പരാതി നൽകിയത്. വോട്ടർപട്ടികയിൽ അച്ചടിച്ചുവന്ന മേൽവിലാസത്തിലെ വീട്ടുനമ്പർ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പേര് നീക്കിയത്. അന്തിമ വോട്ടർപട്ടികയിലും, സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറൽ രജിസ്ട്രാർ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് വൈഷ്ണ അപ്പീലും സമർപ്പിച്ചിട്ടുണ്ട്.
