ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി . ഇതു കൊലപാതകക്കേസാണെന്നും, പെട്ടെന്ന് ജാമ്യം നൽകുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റ് അടക്കം അറിയാതെ ജാമ്യം അനുവദിക്കാനാകില്ല. വിചാരണക്കോടതിയിലെ മുഴുവൻ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷി മൊഴികൾ അടക്കം വിശദാംശങ്ങൾ കോടതിക്ക് കാണണം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അനുവദിക്കണമെന്ന് ജ്യോതിബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ മുഴുവൻ രേഖകളും പരിശോധിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി സൂചിപ്പിച്ചു.
ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളാണ് കെ കെ രമ എംഎൽഎ ഉന്നയിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ പ്രതി ജ്യോതിബാബു കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കെ കെ രമയുടേയും സംസ്ഥാന സർക്കാരിന്റെയും മറുപടി സുപ്രീംകോടതി തേടിയിരുന്നു.
ടിപി കേസിലെ പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെ കെ രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു . പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്നും, ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിൽ കെ കെ രമ വ്യക്തമാക്കിയിരുന്നു.
