ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന റെജി നിലവിലെ ജില്ലാ പഞ്ചായത്തിൽ അയർക്കുന്നം ഡിവിഷൻ അംഗമാണ്. ഐ ഗ്രൂപ്പിലായിരിക്കുമ്പോഴും ഉമ്മൻചാണ്ടിയുമായി അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു. തനിക്ക് സീറ്റ് നൽകിയത് ഉമ്മൻചാണ്ടിയാണെന്ന് നന്ദിയോടെ സ്മരിക്കുന്ന റെജി, ചാണ്ടിഉമ്മൻ തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും പറയുന്നു.
റെജിയുടെ വിമർശനത്തോടെ കോൺഗ്രസിന്റെ സീറ്റ് വിഭജനം അണികൾക്കിടയിൽ ചർച്ചയായി. മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് ഒഴികെയുള്ള സിറ്റിങ് അംഗങ്ങൾക്കെല്ലാം സീറ്റ് നിഷേധിച്ചിരുന്നു. സുധാകുര്യൻ, രാധാ വി.നായർ തുടങ്ങിയ മുതിർന്ന നേതാക്കളും മാറ്റിയവരിലുണ്ട്. 23 അംഗ ജില്ലാ പഞ്ചായത്തിൽ 14 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. 12 ഇടത്ത് ധാരണയായെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.
എട്ട് സീറ്റുകൾ കേരള കോൺഗ്രസിനാണ്. ഇതിൽ ഏഴിടത്ത് ധാരണയായെന്ന് പാർട്ടി വിശദമാക്കുന്നു. വെള്ളൂർ, തലയാഴം സീറ്റുകളിൽ വ്യക്തത വരാനുണ്ട്. വെള്ളൂർ കോൺഗ്രസ് എടുത്ത് തലയാഴം തരണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം. അതിൽ തീരുമാനം വരണം. അതേപോലെ ലീഗിന് ഏത് സീറ്റ് കൊടുക്കണം എന്നതും വ്യക്തമാകണം. പുതിയ മണ്ഡലമായ തലനാട് ലീഗിന് കൊടുക്കുമോ അതോ മുന്നണിയുടെ പൊതുസ്വതന്ത്രൻ വരുമോ എന്നതിലാണ് ആകാംക്ഷ. ഡിസിസിയിൽ മുന്നണി ചർച്ച തുടരുകയാണ്.
