എസ്‌ഐആർ ഫോം വിതരണം വൈകി; ചേവായൂർ ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: ചേവായൂർ ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ജില്ലാ കലക്ടർ. എസ്‌ഐആർ ഫേം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പിഡ്ബ്ല്യുയു സീനിയർ ക്ലാർക്കായ അസ് ലമിന് നോട്ടീസ് നൽകിയിരിക്കുന്നത്. 984വോട്ടർമാരിൽ 390 പേർക്കാണ് ബിഎൽഒ നോട്ടീസ് നൽകിയതെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.


'തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രവോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്നതിന് നവംബർ നാലുമുതൽ ഡിസംബർ നാലുവരെ ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുള്ളതാണ്. താങ്കൾക്ക് ചുമതലയുള്ള 96ാം നമ്പർ ബൂത്തിലെ ആകെ 984വോട്ടർമാരിൽ നിന്നും 390 പേർക്ക് മാത്രമാണ് ഇതുവരെ ഫോമുകൾ വിതരണം ചെയ്തിട്ടുള്ളത്. കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ബിഎൽഒമാരുടെ മേൽനോട്ടത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമിച്ച ഉദ്യോഗസ്ഥരുടെ കർശന നിർദേശങ്ങൾ താങ്കൾ അവഗണിച്ചതായി റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. അതിനാൽ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം താങ്കൾക്കെതിരെ നടപടിയെടുക്കതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ സബ് കളക്ടറെ അറിയിക്കണം' - കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.


അതേസമയം, എസ്‌ഐആർ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കലക്ടറേറ്റിൽ ബിഎൽ ഒമാർ പ്രതിഷേധവുമായി രംഗത്തെത്തി. എൻജിഒ അസോസിയേഷന്റെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കലക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.

Previous Post Next Post