മാനുകൾ ചത്തതിലല്ല, ഫോട്ടോ പുറത്തുവന്നതിൽ നടപടി, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

 

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിൽ അച്ചടക്ക നടപടി. പാർക്കിൽ തെരുവുനായ്ക്കൾ കടന്നുകയറി നടത്തിയ ആക്രമണത്തിൽ ആയിരുന്നു മാനുകൾ കൂട്ടത്തോടെ ചത്തത്. ഈ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ ആരോപിക്കപ്പെടുന്നതിനിടെയാണ് ചിത്രങ്ങൾ പുറത്തായതിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.


മാന്ദാംമംഗലം ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെതിരെയാണ് നടപടി. തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്റർ (സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്. മാനുകൾ ചത്ത സംഭവം രഹസ്യമായി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള വിരോധമാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് പിന്നിലെന്നാണ് ആരോപണം.


അതേസമയം, മാനുകൾ ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് നടപടിൾ ഉണ്ടായിട്ടില്ല. പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെയുളള വിഷയങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ വ്യക്കമാക്കിയിരുന്നു. ജീവനക്കാർ വാതിൽ തുറന്നിട്ടോയെന്നത് ഉൾപ്പെടെ പരിശോധിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിരുന്നു.


നായ്ക്കൾ ആക്രമിച്ചപ്പോൾ ഉണ്ടായ ക്യാപ്ചർ മയോപ്പതി എന്ന അവസ്ഥയാണ് മാനുകളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നായകളുടെ ആക്രമണത്തിൽ വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതും മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Previous Post Next Post