സിപിഐ വീണ്ടും ഉടക്കി, ഒടുവില്‍ പിഎം ശ്രീ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത്

തിരുവനന്തപുരം: പിഎം ശ്രീ കരാർ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കാൻ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്.


പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതിന് പിന്നാലെ സർക്കാരിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു. കൂടിയാലോചനകൾ ഇല്ലാതെയാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും ആർഎസ്എസ് അജണ്ട ഒളിച്ചുകടത്തുകയാണ് പിഎം ശ്രീയിലൂടെ കേന്ദ്രസർക്കാർ നടത്തുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ കടുത്ത നിലപാട് എടുത്തതോടെ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.


പിഎം ശ്രീയിൽ നിന്ന് പിൻമാറാനുള്ള മന്ത്രിസഭാ തീരുമാനം വന്നിട്ടും കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതിൽ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ട് ആശങ്കയും അതൃപ്തിയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രവിദ്യാഭ്യസമന്ത്രിയുമായി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യം വാക്കാൽ അറിയിച്ചെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ വാക്കാൽ അറിയിക്കാൻ കഴിയുമോയെന്ന ആശങ്കയും ചിലകേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു.


ഒപ്പിട്ട ശേഷം കരാറിൽ നിന്ന് പിൻമാറുന്നതിൽ കേന്ദ്രസർക്കാർ വിശദീകരണം തേടുമോയെന്നതുൾപ്പടെ കാത്തിരുന്ന് കാണാം. പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്തെ പ്രകീർത്തിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നിരുന്നു.

Previous Post Next Post