തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടർ 20 സെന്റിമീറ്റർ ആണ് ഉയർത്തിയത്. ഒരു സെക്കൻഡിൽ 15000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വർഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്.
അതിശക്തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊന്മുടി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. രണ്ടാമത്തെ ഷട്ടർ ആണ് ഇന്ന് രാവിലെ 10 മണിയ്ക്ക് 20 സെന്റിമീറ്റർ ഉയർത്തിയത്. ഒരു സെക്കൻഡിൽ 15000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. നിലവിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രാത്രി കാലങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. പന്നിയാർ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോൾ 706.85 അടി വെള്ളമാണ് ഡാമിലുള്ളത്. ജലനിരപ്പ് 706.05ൽ എത്തുമ്പോഴാണ് റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്.
