മൂന്നാർ: ഓർഡർ നൽകിയ ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരൻ തലയ്ക്കടിച്ചു പരിക്കേൽപിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മർദനമേറ്റത്.
പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം.
സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ നൽകി കാത്തിരുന്നു. എന്നാൽ, തനിക്ക് ശേഷം വന്നവർക്ക് ഭക്ഷണം കൊടുത്തതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് തട്ടുകടക്കാരനുമായി വാക്കുതർക്കമുണ്ടാകുകയായിവുന്നു. വാക്കുതർക്കം പിന്നീട് മർദനത്തിൽ കലാശിക്കുകയായിരുന്നു.
യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേൽപ്പിച്ചു. സുഹൃത്തും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
