പത്തനംതിട്ട : സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ സി രാജഗോപാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലാണ് രാജഗോപാൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്.
1979-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് രാജഗോപാൽ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്ന് വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 1988-ൽ പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2006-ലാണ് ആറന്മുള മണ്ഡലത്തിൽ നിന്നും വിജയിച്ച് രാജഗോപാൽ നിയമസഭയിലെത്തുന്നത്.
2011-ലെ തെരഞ്ഞെടുപ്പിൽ കെ ശിവദാസൻ നായരോട് പരാജയപ്പെട്ടു. സിപിഎമ്മിൽ വി എസ് പക്ഷമായിരുന്നു. മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാൽ അവിവാഹിതനാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
