എട്ടാഴ്ച കൊണ്ട് ഷെൽറ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി



തിരുവനന്തപുരം: പൊതു ഇടങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോൾ കേരളത്തിലെ സാഹചര്യങ്ങൾ സങ്കീർണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളിൽ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉൾക്കൊള്ളാൻ ആവശ്യമായ സൗകര്യങ്ങളുള്ള ഷെൽറ്ററുകൾ ഉൾപ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിർദേശങ്ങൾ നടപ്പാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.


പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങൾക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെൽറ്ററുകളിൽ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോർട്ട് 2026 ജനുവരി 13 സമർപ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഉത്തരവിൽ പറഞ്ഞിരിക്കുന്ന ഷെൽട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നിലവിലുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ നൽകുന്ന പ്രതികരണം. 


കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിൽ പോലൂം ജനങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നു. 'ഈ വർഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ എബിസി സെന്ററുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയിൽ എബിസി സെന്ററിന് തറക്കല്ലിടാൻ എത്തിയപ്പോൾ കടുത്ത പ്രതിഷേധം ഉയർന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരിൽ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാർ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.


2019 ലെ കന്നുകാലി സെൻസസ് പ്രകാരം കേരളത്തിൽ 2.89 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ. 2024 ലെ സെൻസസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകി. ഈ വർഷം സെപ്റ്റംബർ 30 വരെ 9,737 തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്തിട്ടുണ്ട്. കണക്കുകൾ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതൽ 40 ശതമാനം വരെ വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.


തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോർട്ടബിൾ എബിസി സെന്ററും പ്രവർത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാൻ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർക്കാർ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകൾ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോർട്ടബിൾ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. 


സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചർച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.


Previous Post Next Post