ന്യൂഡൽഹി: കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയർ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
''പ്രാഥമിക റിപ്പോർട്ടിൽ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല'', ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'നിർഭാഗ്യകരമായ' വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.
മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ് പുഷ്‌കരാജ് സഭർവാളിന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും (ഡിജിസിഎ) നോട്ടീസ് അയച്ചു.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സുപ്രീംകോടതിയെ സമീപിച്ചത്. '' ഒന്നാമതായി, അതൊരു നിർഭാഗ്യകരമായ വിമാനാപകടമായിരുന്നു, രണ്ടാമതായി, നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ സ്വയം വഹിക്കരുത്. വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ല. അതൊരു അപകടമായിരുന്നു'', പുഷ്‌കരാജ് സബർവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനോട് ബെഞ്ച് പറഞ്ഞു.
വിമാനാപകടത്തിലേക്ക് നയിച്ച പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, പേര് വെളിപ്പെടുത്താത്ത സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് യുഎസ് പ്രസിദ്ധീകരണമായ വാൾ സ്ട്രീറ്റ് ജേണൽ ഒരു വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചതെന്ന് ശങ്കരനാരായണൻ പറഞ്ഞു. 'ഇന്ത്യയെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം നടത്തിയ ഒരു മോശം റിപ്പോർട്ടിംഗ് ആയിരുന്നു അത്.
വിദേശ മാധ്യമ റിപ്പോർട്ടുകൾ ഞങ്ങളെ അലട്ടുന്നില്ല. രാജ്യത്ത് ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല, ശങ്കരനാരായണൻ പറഞ്ഞു. 'എന്റെ മകൻ ആക്രമിക്കപ്പെട്ടതിൽ ഞാൻ ദുഃഖിതനാണെന്നും പിതാവ് പറഞ്ഞു. വിദേശ മാധ്യമ റിപ്പോർട്ടുകളിൽ ഹർജിക്കാരന് അസ്വസ്ഥതയുണ്ടെങ്കിൽ അമേരിക്കൻ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
'നിങ്ങളുടെ ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ പൊതുജന ധാരണയും വസ്തുതാപരമായ നിലപാടും തമ്മിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്, ജസ്റ്റിസ് ബാഗ്ചി കൂട്ടിച്ചേർത്തു.
ജൂലൈ 12 ന് പുറത്തിറക്കിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിൽ നിന്ന് ഒരു ഖണ്ഡിക ജഡ്ജിമാർ വായിച്ചു, പൈലറ്റിനെ കുറ്റപ്പെടുത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അത് അദ്ദേഹവും സഹപൈലറ്റും തമ്മിലുള്ള സംഭാഷണത്തെ മാത്രമേ പരാമർശിക്കുന്നുള്ളൂ എന്നും അവർ പറഞ്ഞു. 'കോക്ക്പിറ്റ് റെക്കോർഡറിനെക്കുറിച്ച് ഒരു പരാമർശം മാത്രമേയുള്ളൂ, ഒരു പൈലറ്റ് ഇന്ധനം വിച്ഛേദിച്ചോ എന്ന് ചോദിച്ചു, മറ്റേ പൈലറ്റ് ഇല്ല എന്ന് പറഞ്ഞു. ആ റിപ്പോർട്ടിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് സൂചനയില്ല. അവരുടെ മേൽ കുറ്റം ചുമത്തുന്ന പ്രശ്‌നമില്ല,' ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ആഗോളതലത്തിൽ ബോയിങ് വിമാനങ്ങൾ ഉൾപ്പെടുന്ന നിരന്തരമായ സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അഹമ്മദാബാദ് അപകടത്തെ ആ വിശാലമായ സാഹചര്യത്തിൽ കാണണമെന്നും ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. ഏകദേശം 142 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് നമ്മൾ, അവരിൽ ആരും കുറ്റം പൈലറ്റിലേക്ക് പോകണമെന്ന് വിശ്വസിക്കുന്നില്ല. ദുരന്തത്തിന്റെ കാരണം എന്തുതന്നെയായാലും, അത് പൈലറ്റുമാരുടെയല്ല. ഈ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ദുരന്തത്തിന് ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് സ്വതന്ത്ര അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ശങ്കരനാരായണൻ പറഞ്ഞു.
അപകടത്തെക്കുറിച്ച് 'ന്യായവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് പുഷ്‌കരാജ് സബർവാൾ ആവശ്യപ്പെട്ടു. തന്റെ മകന് 30 വർഷത്തിലേറെ നീണ്ടുനിന്ന കളങ്കമില്ലാത്ത കരിയർ ഉണ്ടായിരുന്നു. ബോയിംഗ് 787-8 വിമാനത്തിൽ 8,596 മണിക്കൂർ ഉൾപ്പെടെ 15,638 മണിക്കൂർ അപകടരഹിതമായി പറത്തി. ഒരു വീഴ്ചയോ മരണമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും് അദ്ദേഹം പറഞ്ഞു.ഒക്ടോബർ 10 ന് എപി & ജെ ചേംബറുകൾ വഴി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, എഎഐബി എന്നിവർ പ്രതികളാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമയാന, സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. അപകടത്തിന്റെ കൃത്യമായ കാരണം തിരിച്ചറിയാതെയുള്ള അപൂർണ്ണവും മുൻവിധിയോടെയുള്ളതുമായ അന്വേഷണം ഭാവിയിലെ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയും വ്യോമയാന സുരക്ഷയെ പൊതുവെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നു.
