ബിഎൽഒയെ തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടി; പത്തു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം; 97% ഫോം വിതരണം പൂർത്തിയാക്കി

തിരുവനന്തപുരം: എസ്‌ഐആർ ജോലിക്കെത്തുന്ന ബിഎൽഒമാരെ തടസപ്പെടുത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടൻ പുർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും പറഞ്ഞു.


ബിഎൽഒ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിഎൽഒമാരുടെ നിയന്ത്രണം. നിയമം അനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ഇതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സിഇഒ മുതൽ ബിഎൽഒവരെ ഇത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ബിഎൽഒമാർ നല്ലരീതിയിൽ മുന്നോട്ടുപോയതിനാലാണ് എസ്‌ഐആർ പ്രവർത്തനം മികച്ചരീതിയിൽ നടന്നത്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ബിഎൽ ഒമാരെ തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായെന്നും ഇതിൽ ബിഎൽഒ മാർ പരാതി അറിയിച്ചിട്ടുണ്ടെന്നും ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.


10 വർഷം വരെ തടവുകിട്ടാവുന്ന കുറ്റം ചുമത്തുമെന്നും ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണമെന്ന് കലക്ടർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ബിഎൽഒ മാർക്കെതിരായ വ്യാജ പ്രചാരണം, സൈബർ ആക്രമണം തുടങ്ങിയ നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കും. ബിഎൽഒമാർക്ക് എന്തെങ്കിലും പ്രയാസമുണ്ടായെങ്കിൽ അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം ലോക്കൽ പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എസ്‌ഐആർ നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എല്ലാവരുടെയും പങ്കാളിത്തം വേണം. ബിഎൽഒ മാരെ ജനങ്ങൾ സഹായിക്കണമെന്നും ഖേൽക്കർ പറഞ്ഞു. കലക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കും. അനീഷിന്റെ ആത്മഹത്യയിൽ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post