ശബരിനാഥനെതിരെ സുനിൽകുമാർ; ആര്യാ രാജേന്ദ്രൻ മത്സരരംഗത്തില്ല; തിരുവനന്തപുരത്ത് 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

 


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തിറക്കി എൽഡിഎഫ്. 101 സീറ്റുകളിൽ 93 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


കവടിയാറിൽ കെഎസ് ശബരിനാഥനെതിരെ സിപിഎം ലോക്കൽ സെക്രട്ടറി സുനിൽ കുമാർ മത്സരിക്കും. സ്ഥാനാർഥി പട്ടികയിൽ മൂന്ന് സിപിഎം എരിയാ സെക്രട്ടറിമാർ ഇടംപിടിച്ചപ്പോൾ നിലവിലെ മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പികെ രാജുവും പട്ടികയിൽ ഇടം പിടിച്ചില്ല. സിപിഎം ജില്ലാ കമ്മറ്റി അംഗമായി എസ്പി ദീപക് പേട്ടയിൽ മത്സരിക്കും. കേരളാ കോൺഗ്രസ് ബി സ്ഥാനാർഥിയായി പൂജപ്പുര രാധാകൃഷ്ണൻ ജഗതിയിലും മത്സരിക്കും.


70 സീറ്റുകളിൽ സിപിഎമ്മും 31 സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. സിപിഐ പതിനേഴ് ഇടത്തും, കേരളാ കോൺഗ്രസ് എം, ആർജെഡി മൂന്ന് സീറ്റിലും ജനതാദൾ എസ് രണ്ട് സീറ്റിലും, ഐഎൻഎൽ, കോൺഗ്രസ് എസ്, എൻസിപി, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ്, ജെഎസ്എസ് ഒരു സീറ്റിലും മത്സരിക്കും. യുവത്വവും പരിചയസമ്പന്നതയും ചേർന്ന സ്ഥാനാർഥികളെയാണ് എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളിൽ 30 വയസിന് താഴെയുള്ളവർ 13 പേരുണ്ട്. 40 വയസിന് താഴെയായി 12 പേരും


സിപിഐ പതിനേഴ് മണ്ഡലത്തിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന്റെ ഇന്ന് കാണുന്ന വികസനം പൂർത്തീകരിച്ചത് എൽഡിഎഫ് ആണെന്നും വികസനത്തിന്റെ തുടർച്ചയ്ക്ക് എൽഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും സിപിഎം തിരുവനന്തുപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയർ ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി വിജയകുമാർ എന്നിവർ പങ്കെടുത്തു.

Previous Post Next Post