രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രാത്രി എട്ട് മണിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് ഒമ്ബത് പേര്‍ മരിച്ചു.
25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യയില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബര്‍ ഒന്നിന് സമീപം ഒരു കാറില്‍ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. വലിയൊരു സ്ഫോടനം ഉണ്ടായെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചെന്നും ഡല്‍ഹി അഗ്‌നിശമന വകുപ്പ് അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം നിരവധിപേര്‍ വാഹനങ്ങളിലും മറ്റുമായി ഇരിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്‌ഫോടനം നടന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.