റവന്യൂ ഓഫീസുകളില്‍ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് പരിശോധനയില്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോഗസ്ഥരുടെ പണമിടപാട് വിജിലൻസ് പരിശോധിച്ച് വരികയാണ്.
ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പണമിടപാടുകളാണ് പരിശോധിക്കുന്നത്.
ഇവരുടെ ബന്ധുക്കളുടെ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഏജൻസിയില്‍ നിന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ 4,59,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായി കണ്ടെത്തി. ഈ ഓഫീസിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ജി പേ അക്കൗണ്ടിലേക്ക് എത്തിയ 1,69,000 രൂപയുടെ ഇടപാടിലും സംശയമുണ്ട്.
തണ്ണീർത്തടങ്ങളും നെല്‍വയലുകളും ഡേറ്റാബാങ്കില്‍ നിന്ന് വ്യാപകമായി ഒഴിവാക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് ഓപ്പറേഷൻ ഹരിതകവചം നടത്തിയത്. ഉപഗ്രഹചിത്രം ഉള്‍പ്പെടെ ശേഖരിച്ച് പരിശോധന നടത്താനാണ് വിജിലൻസിന്റെ നീക്കം. സംശയമുള്ള കേസുകളില്‍ പരിശോധന തുടരും.