ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗം ചുമതലക്കാരി; ലേഡി ഡോക്ടർ അറസ്റ്റിൽ, കൂട്ടാളിയുടെ മുറിയിൽ നിന്നും പിടികൂടിയത് 2,900 കിലോ സ്‌ഫോടകവസ്തുക്കൾ

 

ന്യൂഡൽഹി: ഫരിദാബാദിൽ പൊലീസ് വൻതോതിൽ സ്‌ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഡോക്ടർ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഷഹീനയെന്ന് ഡൽഹി പൊലീസ് സൂചിപ്പിച്ചു. ഡൽഹി സ്ഫോടനവുമായി ഡോക്ടർ ഷഹീന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.


ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിന്റെ ഇന്ത്യയിലെ കമാൻഡറാണ് ഡോക്ടർ ഷഹീന ഷാഹിദ്. ലഖ്നൗവിലെ ലാൽ ബാഗ് നിവാസിയാണ് ഇവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടർ ഷഹീന ഷാഹിദിന്റെ മേൽനോട്ടത്തിലായിരുന്നു.


പരിശോധനയിൽ ഡോക്ടർ ഷഹീന ഷാഹിദിന്റെ കാറിൽ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അൽ ഫലാഹ് മെഡിക്കൽ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയിൽ നിന്നായി 2,900 സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.


ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉൽ-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ. ഇയാൾ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

Previous Post Next Post