ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 12 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ച ആറു പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കഠാരിയ, ഓട്ടോ ഡ്രൈവർ മൊഹ്‌സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ, അശോക് കുമാർ തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 13 വരെ ചെങ്കോട്ട അടച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഡൽഹി ലാൽക്വിലാ മെട്രോ സ്‌റ്റേഷൻ അടച്ചു.
ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നു. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പൊലീസ് കമ്മിഷണർ സതീഷ് ഗോൽച്ച, എൻഐഎ ഡിജി സദാനന്ദ് വസന്ത് ദാത്തെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
ചാവേർ ആക്രമണം നടത്തിയ ഡോക്ടർ ഉമർ മുഹമ്മദിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. സ്‌ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോക്ടർ ഉമർ മുഹമ്മദാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാൾ ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തി. കാറിന്റെ മുൻ ഉടമസ്ഥരെയും ഉമറിന്റെ അമ്മയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
