മതം മാറി, പേരു മാറി, 25 വർഷം ഒളിവു ജീവിതം, ഒരൊറ്റ ഫോൺകോളിൽ കുടുങ്ങി; ബലാത്സംഗ കേസ് പ്രതി പിടിയിൽ


 തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കരമനയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ നിറമൺകര സ്വദേശി മുത്തു കുമാർ ആണ് പിടിയിലായത്. 2000-ൽ നടന്ന കേസിൽ പ്രതിയായ മുത്തു കുമാർ, ചെന്നൈയിൽ 'സാം' എന്ന പേരിൽ പാസ്റ്ററായി ജീവിച്ചു വരികയായിരുന്നു.


ട്യൂഷൻ മാസ്റ്റർ ആയിരുന്ന മുത്തുകുമാർ സ്‌കൂൾ വിദ്യാർഥിനിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടിൽ കണ്ടെത്തുന്നത്. വീട്ടുകാർ എത്തുമ്പോൾ ഭക്ഷണം വാങ്ങിക്കാൻ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നത്.


പിന്നീട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന പ്രതി ഒടുവിൽ ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. ചെന്നൈയിൽ വെച്ച് മതം മാറിയ പ്രതി സാം എന്ന പേരിൽ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രണ്ടു വിവാഹവും കഴിച്ചിരുന്നു. പിടിയിലാകാതിരിക്കാനായി മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ 25 വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ ആണ് കേസിൽ നിർണായകമായി മാറിയത്.


പബ്ലിക് ടെലിഫോൺ ബൂത്തുകളിൽ നിന്നാണ് മുത്തുകുമാർ ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയുമായി ബന്ധപ്പെടാൻ സാധ്യതയുള്ള 150ൽപരം മൊബൈൽ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post