കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി; കോടഞ്ചേരിയില്‍ മാംസ വില്‍പന സ്ഥാപനങ്ങള്‍ അടച്ചിടും, മുന്‍കരുതല്‍

കോഴിക്കോട്: കോടഞ്ചേരിയിൽ സ്വകാര്യ പന്നി ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം ആഫ്രിക്കൻ പന്നിപ്പനിയെന്ന് സ്ഥിരീകരണം. കോടഞ്ചേരിയിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 മുണ്ടൂരിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.


രോഗ ബാധയുടെ പശ്ചാത്തത്തിൽ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുൻകരുതൽ കർശനമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപന നിരോധിച്ചു. ഈ പ്രദേശത്തെ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കുകയും ചെയ്യും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ ആണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിന് ഒൻപതു കിലോമീറ്റർ ചുറ്റളവ് വരുന്ന പ്രദേശത്തെ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.


വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയിൽ അതിവേഗം പടരുന്ന രോഗമാണെങ്കിലും ഇവ മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രോഗം ബാധിച്ചാൽ പന്നികളിൽ നൂറു ശതമാനം വരെ മരണനിരക്കുളള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച മൃഗത്തിന്റെ രക്തം, മാംസം, അവശിഷ്ടങ്ങൾ, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയാണ് മറ്റു പന്നികളിലേക്ക് രോഗം വ്യാപിക്കുന്നത്.

Previous Post Next Post