കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അടച്ചിട്ട വീട്ടിൽ മോഷണം നടന്നതായി പരാതി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കൊച്ചി കലൂരിലെ വാടകവീട്ടിൽ ആണ് മോഷണം നടന്നത്. 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടമായെന്ന് മാൻസൻ മാവുങ്കലിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. സംഭവത്തിൽ വീട്ടുടമസ്ഥൻ ഒരു പരാതി നൽകിയിട്ടുണ്ട്. മോൻസൻ മാവുങ്കൾ ജയിൽ സൂപ്രണ്ട് മുഖേന പരാതി നൽകുമെന്നും അഭിഭാഷൻ അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കാൻ മോൻസൻ മാവുങ്കലിന് കോടതി അനുമതി നൽകിയിരുന്നു. പരോളിലുള്ള പ്രതി ഇതിനായി വാടക വീട്ടിൽ എത്തിയപ്പോഴാണ് മോഷണ നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരന്നു.
സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ തകർത്താണ് മോഷണം. രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സ്വർണ ഖുറാനും വിലപിടിപ്പുള്ള വാച്ചുകളും ഉൾപ്പെടെ നഷ്ടപ്പെട്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു.
