ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകൾ നടന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമർശനം.


'സ്വീറ്റി, സീമ, സരസ്വതി' എന്നീ വ്യത്യസ്ത പേരുകളിൽ ഒരു യുവതി 22 തവണ പത്തു ബൂത്തുകളിലായി വോട്ട് ചെയ്‌തെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും രാഹുൽ പുറത്തുവിട്ടു. ഇത്തരത്തിൽ വോട്ട് ചെയ്ത യുവതി ബ്രസീലീയൻ മോഡൽ മതിയൂസ് ഫെരെരോയാണെന്നും രാഹുൽ പറഞ്ഞു.


ഹരിയാനയിലെ കോൺഗ്രസിന്റെ വിജയം പരാജയമാക്കി. എക്‌സിറ്റുപോളുകളും പോസ്റ്റൽ വോട്ടുകളുമെല്ലാം കോൺഗ്രസിന് അനുകൂലമായിരുന്നു. അവിടെ 1.18 ലക്ഷം വോട്ടാണ് കോൺഗ്രസ് - ബിജെപി അന്തരമുണ്ടായതെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നെന്നും ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിൽ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്.


5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും രാഹുൽ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരിക്കുകയാണ്. ഒരു വോട്ടർ ഐഡിയിൽ ഒരാൾക്ക് ഒരു മണ്ഡലത്തിൽ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തിൽ മാത്രം 223 വോട്ടുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.


നേരത്തെ കർണാടകയിലെ വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ബിഹാർ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ വാർത്താ സമ്മേളനം.

Previous Post Next Post