മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികൾ ഉൾപ്പെടെ 5 പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാർ സംഭവിച്ചതാണ് സഞ്ചാരികൾ കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടർന്ന് പ്രവർത്തനം നിലച്ചതാണ് അപകട കാരണമെന്നാണ് വിവരം.
ഒന്നര മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ഇവരെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ആളുകളെ ഇറക്കാനാവു.അടിമാലിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി ആകാശത്ത് ഉയർന്ന് പൊങ്ങി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്.
