നാശം വിതയ്ക്കാൻ ഡോക്ടർമാർ അടക്കമുള്ളവരുടെ സംഘം, 'വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം'; ഭീകരസംഘങ്ങൾ ശൈലി മാറ്റുന്നു

 

ന്യൂഡൽഹി: ഡൽഹി ചാവേർ സ്‌ഫോടനത്തിന് പിന്നാലെ, ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്റിലെ അടിസ്ഥാനപരമായ മാറ്റമാണ് വെളിപ്പെടുന്നത്. മെഡിക്കൽ പ്രൊഫഷൻ അടക്കമുള്ള പ്രൊഫഷണലുകളെ ആകർഷിച്ച് റിക്രൂട്ട് ചെയ്ത്, അവരെക്കൊണ്ടുള്ള ഓപ്പറേഷനാണ് ഭീകരസംഘടനകൾ ആസൂത്രണം ചെയ്തു വന്നിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഭീകരസംഘങ്ങൾ അനുവർത്തിക്കുന്ന പുതിയ രീതിയെ 'വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം' എന്നാണ് ജമ്മു കശ്മീർ പൊലീസ് വിശേഷിപ്പിക്കുന്നത്. മുൻകാലങ്ങളിൽ യുവാക്കളെ ആകർഷിച്ച് ഭീകരസംഘത്തിൽ ചേർക്കുകയായിരുന്നു പതിവ്.


ഏതാനും ദിവസം മുമ്പാണ് ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടർ ആദിൽ മുഹമ്മദ് റാത്തർ ഉത്തർപ്രദേശിലെ സഹാരൺപൂരിൽ നിന്നും പിടിയിലാകുന്നത്. ഇയാൾക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. ഡോക്ടർ ആദിലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് നടത്തിയ റെയ്ഡിൽ ഫരീദാബാദിലെ ആശുപത്രിയിൽ റെയ്ഡ് നടത്തുകയും 300 കിലോ ആർഡിഎക്‌സ്, എകെ 47 തോക്കുകൾ, വെടിക്കോപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.


സംഘത്തിൽ പങ്കാളിയും, ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ഡോക്ടറുമായ പുൽവാമ സ്വദേശി മുസമ്മിൽ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഫരീദാബാദിലെ പ്രതികളുടെ രണ്ടു മുറികളിൽ നിന്നായി അമോണിയം നൈട്രേറ്റ് അടക്കം 2,900 കിലോ സ്‌ഫോടക വസ്തുക്കളും പിടിച്ചൈടുത്തിരുന്നു. ബോംബ് നിർമ്മാണത്തിനാണ് ഇവ ശേഖരിച്ചിരുന്നതെന്നാണ് സൂചന. പിടിയിലായ ഡോക്ടർമാരുടെ കൂട്ടാളിയാണ് ഡൽഹി കാർ ബോംബ് സ്‌ഫോടനത്തിൽ ചാവേറായ ഡോക്ടർ ഉമർ മുഹമ്മദ് എന്നും പൊലീസ് വ്യക്തമാക്കുന്നു.


ഡോക്ടർ ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഉമർ മുഹമ്മദ് ശ്രീനഗർ മെഡിക്കൽ കോളജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് അനന്ത് നാഗ് മെഡിക്കൽ കോളജിൽ സിനിയർ റെസിഡന്റായി കുറച്ചുകാലം ജോലി ചെയ്തു. തുടർന്നാണ് ഫരീദാബാദിലെ ആശുപത്രിയിലെത്തുന്നത്. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞ പരിഭ്രാന്തിയിലാണ് ഡോ. ഉമർ മുഹമ്മദ് ഡൽഹിയിലെത്തി ചാവേർ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.


സ്‌ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റിന്റെയും ആർഡിഎക്‌സിന്റെയും മിശ്രിതം ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചാവേർ ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് സ്ഥിരീകരിക്കുന്നതിനായി ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒക്ടോബർ 27 ന് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു. ഈ പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണമാണ്, ഡോക്ടർ ആദിൽ അഹമ്മദിലേക്കും, മെഡിക്കൽ പ്രൊഫഷണൽ അടങ്ങുന്ന ഭീകരസംഘങ്ങളിലേക്കും അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.


അഹമ്മദാബാദിൽ നിന്നും കഴിഞ്ഞ ദിവസം ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്ത ഡോക്ടർ അഹമ്മദ് മുഹയുദ്ദീൻ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിൻ വിഷപദാർത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഇയാൾ. ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്ടർ മുഹയുദ്ദീൻ, ഡൽഹി, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ ഇടങ്ങളിലെ തിരക്കേറിയ മാർക്കറ്റുകളിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

Previous Post Next Post