അയ്യപ്പന്റെ 'നടയും കട്ടിളപ്പടിയും' ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും പ്രദർശനം നടത്തി, പങ്കെടുത്തവരിൽ ജയറാമും

 

പത്തനംതിട്ട:  ശബരിമല  അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും പ്രദർശനം സംഘടിപ്പിച്ചു. നടൻ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ ദർശനം നടത്തുന്ന വ്യക്തിയാണ് താൻ. ഇവിടെ ദർശനം നടത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.


ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിൽക്കുമ്പോൾ വർഷങ്ങളായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, കർണാടക സ്വദേശി ഗോവർധൻ തുടങ്ങിയവർ. ശബരിമല അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണ്. ഇവരാണ് അതു ചെയ്യുന്നതെന്നും, എവിടെയുണ്ടെങ്കിലും വരണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജയറാം പറയുന്നു. ചങ്ങനാശ്ശേരിയിൽ വെച്ച് നട ശബരിമലയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തൊട്ടു തൊഴുത് ആദ്യത്തെ കർപ്പുരം കാണിക്കാനുള്ള ഭാഗ്യം ഭഗവാൻ ഒരുക്കിത്തന്നു. ഇപ്പോൾ സ്വർണത്തിൽ പൊതിഞ്ഞ കട്ടിളപ്പടി ശബരിമലയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. ചെന്നൈയിൽ വെച്ച് ആദ്യ പൂജയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അയ്യപ്പന്റെ രൂപത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയതാണെന്ന് കരുതുന്നുവെന്നും ജയറാം പറയുന്നു.


2019 മാർച്ചിൽ നടത്തിയ പ്രദർശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1999 ലാണ് 30 കിലോ സ്വർണം വഴിപാടായി ശബരിമലയ്ക്ക് നൽകുന്നത്. ഈ സ്വർണം ഉപയോഗിച്ചു കൊണ്ട് ശബരിമലയുടെ ശ്രീകോവിൽ, മേൽക്കൂര, ദാരുശിൽപ്പങ്ങൾ എന്നിവ സ്വർണം പൂശുന്നു. 2018 ൽ വാതിൽപ്പടിയുടെ സ്വർണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്‌പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. ചെന്നൈയിൽ വെച്ച് ഇത് ഉണ്ണികൃഷ്ണൻ പോറ്റി പ്രദർശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം.


'ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയം: ജയറാം'


ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പൂജയ്ക്ക് പോയതെന്ന് നടൻ ജയറാം പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. കടുത്ത അയ്യപ്പ ഭക്തനായതിനാലാണ് പൂജയ്ക്ക് പോയത്. ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്നും ജയറാം പറഞ്ഞു.


ചെന്നൈയിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശിൽപ്പങ്ങൾ ബംഗലൂരുവിലെത്തിച്ച് പ്രദർശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിൽ നിന്നും കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങൾ 40 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണി നടത്തുന്ന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിലെത്തിക്കുന്നത്. കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളിയായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസ് കമ്പനി അഭിഭാഷകൻ കെ ബി പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ പീഠം പ്രദർശന വസ്തുവാക്കിയും ഉണ്ണികൃഷ്ണൻ പോറ്റി പണം സമ്പാദിച്ചുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരമെന്നാണ് സൂചന.

Previous Post Next Post