ചെന്നൈയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളി; സ്വർണം പൂശിയതായിരുന്നില്ല: വെളിപ്പെടുത്തലുമായി കമ്പനി അഭിഭാഷകൻ

പത്തനംതിട്ട:  ശബരിമല  സ്വർണപ്പാളി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് കമ്പനി. 2019 ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയിലെത്തിച്ചത് മുമ്പൊരിക്കലും സ്വർണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണ്. സ്ഥാപനത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച്, ഒരിക്കൽ സ്വർണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.


ദ്വാരപാലകരെ കവർ ചെയ്ത ക്ലാഡിങ് ആണ് എത്തിച്ചത്. ശബരിമലയിൽ നിന്നും അഴിച്ചു മാറ്റിയതു തന്നെയാണോ എന്ന് അറിയില്ല. ഒത്തിരി കോംപ്ലിക്കേഷൻസ് ഉള്ളതുകൊണ്ടാണ് ഒരിക്കൽ സ്വർണം പൂശിയത് വീണ്ടും കമ്പനി സ്വീകരിക്കാത്തത്. ഞങ്ങളുടെ കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പു കൊണ്ടുള്ള സാധനമാണ്. 38 കിലോ ഭാരമുള്ള ദ്വാരപാലക ശിൽപങ്ങളിലാണ് കമ്പനി ഇലക്ട്രോ പ്ലേറ്റിങ്ങ് നടത്തിയത്.


അന്ന് ലഭിച്ചപ്പോൾ ആദ്യ ക്ലീനിങ്ങിൽ ദ്വാരപാലക ശിൽപങ്ങളിലെ കുമിളകൾക്കുള്ളിലെ മെഴുക് അടക്കം മാറ്റി ക്ലീൻ ചെയ്തപ്പോഴുള്ള ഭാരം 40.137 കിലോ ഗ്രാമാണ്. തുടർന്ന് ആസിഡ് വാഷ്, എൽഗ്രേറ്റ് കെമിക്കൽ വാഷ്, ബഫിങ് എന്നിവയെല്ലാം കഴിഞ്ഞപ്പോൾ 38 കിലോയാണ് ലഭിച്ചത്. ശബരിമലയിലെ ശിൽപങ്ങളിൽ സ്വർണം പൂശിയിട്ടുള്ളതായിരുന്നെങ്കിൽ, കമ്പനിയിലെത്തിച്ചിട്ടുള്ളത് ശുദ്ധമായ ചെമ്പു പാളിയാണ്. സ്വർണം പൂശിയതായിരുന്നെങ്കിൽ കമ്പനി പോളിസി പ്രകാരം അതു സ്വീകരിക്കുമായിരുന്നില്ലെന്നും അഭിഭാഷകൻ കെ ബി പ്രദീപ് വ്യക്തമാക്കി.


ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിർദേശം നൽകിയിരുന്നു. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ. 2019 ജൂലായ് 20 ന് സ്വർണപ്പാളികൾ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയിൽ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത്.

Previous Post Next Post