ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ; ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

 

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നൽകി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വർഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോർട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റർ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടു നടന്നതെന്നാണ് വിലയിരുത്തൽ. ബംഗലൂരുവിലും ഭൂമി ഇടപാടുകൾ നടന്നതായി റിപ്പോർട്ടുണ്ട്.


ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം. ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക സന്ദർഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി റവാഡ ചന്ദ്രശേഖർ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാർപോർച്ചിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമെടുത്തിട്ടുള്ളത്.


ആംബുലൻസ് ദേവസ്വം ബോർഡിന് കൈമാറുന്ന ചടങ്ങായിരുന്നു അതെന്നാണ് വിവരം. ഡിജിപി റവാഡ ചന്ദ്രശേഖർ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രത്തിലുണ്ട്. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നൽകുന്ന ചിത്രവും പൊലീസ് ആസ്ഥാനത്തു വെച്ച് എഡിജിപി എസ് ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയിൽ ഉൾപ്പെടുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിക്കും, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി എന്നിവർക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പാർട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.


ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും പ്രദർശനം സംഘടിപ്പിച്ചിരുന്നു. നടൻ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ ദർശനം നടത്തുന്ന വ്യക്തിയാണ് താൻ. ഇവിടെ ദർശനം നടത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചെന്നൈയിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശിൽപ്പങ്ങൾ ബംഗലൂരുവിലെത്തിച്ച് പ്രദർശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post