സ്വർണക്കവർച്ച രാഷ്ട്രപതിക്കു മുന്നിലെത്തിക്കാൻ കർമസമിതി; പ്രസിഡൻഷ്യൽ റഫറൻസ് ആവശ്യപ്പെടും

 

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ ശബരിമലയിലെ സ്വർണം കാണാതായ സംഭവം ദ്രൗപദി മുർമുവിന്റെ മുന്നിൽ ഉന്നയിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കർമ സമിതി. ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദർശിക്കാനെത്തുന്നത്. ശബരിമലയിൽ സുപ്രീംകോടതിയിൽ പ്രസിഡൻഷ്യൽ റഫറൻസ് കൊണ്ടു വരാനാണ് കർമ സമിതി ലക്ഷ്യമിടുന്നത്.


തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ആർട്ടിക്കിൾ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറൻസ് നൽകാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരത്തെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.


കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ, തന്ത്രി കുടുംബം, തിരുവിതാംകൂർ രാജകുടുംബം എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഒക്ടോബർ 22 ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോൾ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കർമ സമിതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടും അഴിമതിയുമാണ് സ്വർണം കാണാതാകലിന് പിന്നിലെന്ന് കുമാർ ആരോപിച്ചു.


'ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതിനാൽ, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് ഇക്കാര്യം സുപ്രീം കോടതിയിൽ റഫർ ചെയ്യാൻ കഴിയും. എസ് ജെ ആർ കുമാർ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. അയോധ്യ രാമക്ഷേത്ര കേസിൽ 1993 ൽ അന്നത്തെ രാഷ്ട്രപതി ഇത്തരത്തിൽ റഫറൻസ് നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള ഏതൊരു പ്രശ്‌നത്തിലും നിയമത്തിലും സുപ്രീം കോടതിയുടെ ഉപദേശം തേടാൻ ആർട്ടിക്കിൾ 143 രാഷ്ട്രപതിക്ക് അധികാരം നൽകുന്നുണ്ട്.


ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയശേഷം, പള്ളി പണിയുന്നതിനുമുമ്പ് സ്ഥലത്ത് ഏതെങ്കിലും ഹിന്ദു നിർമ്മിതികൾ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് ശങ്കർ ദയാൽ ശർമ്മ 1993 ൽ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. രാഷ്ട്രപതിയുടെ റഫറൻസിൽ പ്രതികരിക്കണോ വേണ്ടയോ എന്നത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. 1993-ൽ, ശങ്കർ ദയാൽ ശർമ്മയുടെ റഫറൻസിൽ അഭിപ്രായം പറയാൻ കോടതി വിസമ്മതിച്ചിരുന്നു.


സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം വേണം


ശബരിമലയിൽ സ്വർണം കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്ന് എസ് ജെ ആർ കുമാർ പറഞ്ഞു. ' കേന്ദ്ര ഏജൻസി അന്വേഷണത്തിനായി ഞങ്ങൾ ഇതിനകം കേന്ദ്ര സർക്കാരിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ അഴിമതിയും മോഷണവും ഭരണകക്ഷിയുടെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ സംസ്ഥാന പൊലീസിന് ഉന്നതതല ബന്ധവും ഗൂഢാലോചനയും കണ്ടെത്താനാവില്ല.' കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാനും സമിതി പദ്ധതിയിടുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതിനകം തന്നെ സമിതി അപേക്ഷ നൽകിയിട്ടുണ്ട്. ' ആഭ്യന്തര വകുപ്പിന് ഈ ആവശ്യം സ്വീകരിക്കാനോ നിരസിക്കാനോ കഴിയും. അപേക്ഷ നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ, ഹൈക്കോടതിയെ സമീപിക്കും'. എസ് ജെ ആർ കുമാർ പറഞ്ഞു.

Previous Post Next Post