പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായി എന്ന വിവാദത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിശദീകരണക്കുറിപ്പിൽ മാറ്റം വരുത്തി. വള്ളസദ്യ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രി വി എൻ വാസവൻ അടക്കമുള്ള വിശിഷ്ടാതിഥികൾക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. ആചാരലംഘനം ഉണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി പരിഹാരക്രിയകൾ നിർദേശിക്കുകയും ചെയ്തിരുന്നു.
ഈ വിവാദത്തിൽ കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പാണ് വീണ്ടും തിരുത്തിയത്. ആരോപണം വന്നപ്പോൾ തന്നെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ മാധ്യമങ്ങളോട് വസ്തുതകൾ വിശദീകരിച്ചതുമാണ്. ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന് ഓർക്കുന്നത് നന്ന്. എന്നായിരുന്നു ആദ്യ കുറിപ്പിന്റെ അവസാനം എഴുതിയിരുന്നത്.
ഇതിൽ ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ പൊറുക്കില്ലെന്ന വാചകമാണ് മാറ്റം വരുത്തിയത്. ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങെളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓർക്കുന്നത് നന്ന്. എന്നായാണ് മാറ്റിയത്. ചൊവ്വാഴ്ച രാത്രി 7.18 ന് പുറത്തിറക്കിയ ആദ്യ കുറിപ്പിൽ ഇന്നലെ രാവിലെയാണ് തിരുത്തൽ വരുത്തുന്നത്.
