'കട്ടിളപ്പാളി കൊണ്ടുപോയതിൽ നഷ്ടം പറ്റി, പകരം ദ്വാരപാലക ശിൽപ്പം തന്നുവിട്ടു'; സ്വർണം പൂശലിൽ വൻ ഗൂഢാലോചന, ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

തിരുവനന്തപുരം:  ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വർണക്കൊള്ളയുടെ തുടക്കമെന്ന്  ഉണ്ണികൃഷ്ണൻ പോറ്റി  പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി സൂചന. ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ദേവസ്വം ഉദ്യോഗസ്ഥരാണ്. കട്ടിളപ്പാളിയിലെ സ്വർണം പൂശലിൽ തനിക്ക് ലാഭം ഉണ്ടായില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.


അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. കേസിൽ പോറ്റിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് എസ്‌ഐടി കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികൾ നടന്നത്.


സ്വർണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല കട്ടിളപ്പാളിയിലെ സ്വർണം പൂശലിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത് എന്നാണ് അന്വേഷണസംഘത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നാണ് വിവരം. സ്വർണം വിറ്റു കിട്ടുന്ന നേട്ടമല്ല, പകരം കട്ടിളപ്പാളി പലയിടത്തും പ്രദർശിപ്പിച്ച് ഭക്തി വിൽപ്പനച്ചരക്കാക്കി ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. എന്നാൽ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇക്കാര്യം ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശൽ ആശയം മുന്നോട്ടു വെക്കപ്പെടുന്നത് എന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി.


സ്വർണക്കവർച്ചയിൽ നടന്നത് വൻ ഗൂഢാലോചനയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താനൊറ്റയ്ക്കല്ല, ഉദ്യോഗസ്ഥരടക്കം വലിയ സംഘം ഇതിൽ പങ്കാളികളാണ്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിനെ സ്വർണം പൂശാൻ ഏൽപ്പിച്ചപ്പോൾ താൻ നേരിട്ട് എത്തിയില്ല. അവിടെ നിന്നും ബാക്കി വന്ന സ്വർണം കൽപേഷ് വഴിയാണ് താൻ സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ട്. ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ട്.


ഗൂഢാലോചനയിലും സ്വർണക്കവർച്ചയിലും തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം. താൻ ശബരിമലയിൽ സ്‌പോൺസറായി എത്തിയതുമുതൽ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്. ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്വർണപ്പാളി ആർക്കുകൈമാറി, എത്ര സ്വർണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പിൽ ഉൾപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ എസ്‌ഐടി അന്വേഷിച്ചു വരികയാണ്.

Previous Post Next Post