കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) യുവതിയെ ഇവിടെ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കായംകുളത്തെ ഹോട്ടലില്‍ വച്ചാണ് അസ്മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. റോയിയും അസ്മിനയും കായംകുളം,മാവേലിക്കര ഭാഗങ്ങളില്‍ ഒന്നിച്ചുതാമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്ബാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. തിരിച്ചറിയല്‍ കാർഡൊന്നും നല്‍കിയിരുന്നില്ല. ഇതിനിടയില്‍ ഭാര്യയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി യുവതിയെ ലോഡ്ജിലെത്തിച്ചു.
അസ്മിനയെ മുറിയിലാക്കിയ ശേഷം ജോബി സഹപ്രവർത്തകർക്കൊപ്പം റിസപ്ഷനിലെത്തിയിരുന്നു. രാത്രി ഒന്നരയോടെയാണ് ഇയാള്‍ മുറിയിലേക്ക് പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രാവിലെ ഇരുവരെയും കാണാതായതോടെ ജീവനക്കാർ വാതിലില്‍ മുട്ടി. തുറക്കാതായതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിലും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിട്ടുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മുറിയില്‍ പൊട്ടിയ മദ്യക്കുപ്പിയുമുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും തലയില്‍ കുപ്പികൊണ്ട് അടിച്ചതിലുണ്ടായ പരിക്കായിരിക്കാം മരണകാരണമെന്നുമാണ് സംശയം.
ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി ലോഡ്ജില്‍ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. കൊലപാതകത്തില്‍ ജോബിയെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. രാത്രി ഇവരെ അന്വേഷിച്ച് മറ്റൊരാള്‍ എത്തിയിരുന്നതായി ലോഡ്ജിലെ ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്. യുവതി വിവാഹമോചിതയാണെന്നാണ് വിവരം. രണ്ട് കുട്ടികളുണ്ട്.