കോഴിക്കോട് പേരാമ്ബ്രയില്‍ തനിക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍, മർദിച്ച ഉദ്യോഗസ്ഥനെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ സഹായം ആവശ്യമില്ലെന്ന് ഷാഫി പറമ്ബില്‍ എം.പി.വ്യക്തമാക്കി. സംഭവ ദിവസം തന്നെ മർദിച്ചത് വടകര കണ്ട്രോള് റൂം സിഐ ആയിരുന്ന അഭിലാഷ് ഡേവിഡ് ആണെന്നും എം.പി. മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് സേനയില്‍ മാഫിയ ബന്ധം ആരോപിക്കപ്പെട്ട് 2023 ജനുവരി 16-ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാളെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടതായി വാർത്തകള്‍ വന്നിരുന്നുവെങ്കിലും, ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പിന്നീട് സർവീസില്‍ തിരിച്ചെടുത്തതായി ഷാഫി പറമ്ബില്‍ ആരോപിച്ചു. പോലീസ് വെബ്സൈറ്റില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും, വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും എം.പി. കൂട്ടിച്ചേർത്തു.
പേരാമ്ബ്രയില്‍ പൊലീസ് നടത്തിയ അതിക്രമം ശബരിമലയിലെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ആസൂത്രണം ചെയ്തതാണെന്നും ഷാഫി പറമ്ബില്‍ ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയില്‍ സർക്കാരിനും മന്ത്രിമാർക്കും പങ്കുള്ളതിനാലാണ് ദേവസ്വം ബോർഡ് പിരിച്ചുവിടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വർണ്ണം ഉരുക്കി ജീവിതം നയിക്കാൻ തീരുമാനിച്ചവരുടെ കഥകള്‍ പുറത്തുവരുന്നുണ്ട്. ഈ കൊള്ളയെ വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ക്ഷമിക്കില്ല. ഇത് മറച്ചുവെക്കാനാണ് പേരാമ്ബ്രയില്‍ പൊലീസ് അതിക്രമം അരങ്ങേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരാമ്ബ്രയിലെ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. തനിക്കുണ്ടായ പരിക്ക് പോലീസിന്റെ കൈയ്യിലിരുന്ന ഗ്രനേഡ് പൊട്ടിയാണെന്നും എം.പി. വ്യക്തമാക്കി. ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ പൊലീസിന് പരിശീലനം നല്കാൻ സർക്കുലർ ഇറക്കിയതിലൂടെ, പൊലീസിന് ഗ്രനേഡ് എറിയാൻ അറിയില്ലെന്ന് വ്യക്തമായതായും എം.പി. ചൂണ്ടിക്കാട്ടി. ഗ്രനേഡ് എറിയേണ്ടത് ഒരിക്കലും ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്കല്ലെന്നും അദ്ദേഹം പറഞ്ഞു.