പിഎം ശ്രീ: അനുനയത്തിന് തിരക്കിട്ട കൂടിയാലോചനകൾ, ഇടതുമുന്നണി ഉടൻ വിളിച്ചു ചേർക്കാൻ തീരുമാനം

 

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകൾ. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ഉടൻ വിളിച്ചു കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ എന്നിവർ തമ്മിൽ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.


എൽഡിഎഫ് നേതൃയോഗത്തിൽ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ച ചെയ്യാമെന്നും, അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിച്ചു നിർത്തുമെന്നും സിപിഎം നേതൃത്വം സിപിഐ സംസ്ഥാന നേതാക്കളെയും മറ്റു ഘടകകക്ഷി നേതാക്കളെയും അറിയിക്കും. എൽഡിഎഫ് യോഗത്തിനു ശേഷം മാത്രമേ പദ്ധതിയിലെ തുടർനടപടികളുണ്ടാകൂ എന്നും അറിയിക്കും. ഇതിൽ സിപിഐയുടെ നിലപാട് നിർണായകമാണ്. പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ ആലോചിക്കാൻ സിപിഐയുടെ അടിയന്തര സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.


ഇടതു നയത്തിനു വിരുദ്ധമായ പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നാണ് സിപിഐ നിലപാടിൽ ഉറച്ചു നിൽക്കുന്നത്. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയിൽ മെല്ലെപ്പോക്ക് നടത്താം എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതിൽ റൂൾസ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. അനുനയ നീക്കം ഫലിച്ചില്ലെങ്കിൽ ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിട്ടു നിന്നേക്കും.

Previous Post Next Post