ന്യൂഡൽഹി: ആഗോള തലത്തിൽ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളിൽ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. പ്രതിവർഷം 17 ലക്ഷത്തിൽ അധികം മരണങ്ങളാണ് ഇന്ത്യയിൽ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബൽ റിപ്പോർട്ട് പറയുന്നത്. 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജ് ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങൾ പ്രതിവർഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടർന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിൽ പ്രതിവർഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത് എന്നിരിക്കെയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാകുന്നത്.
ഇന്ത്യയിലെ വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 44 ശതമാനവും (752,000) ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതിൽ കൽക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കൽക്കരി മാത്രം 394,000 മരണങ്ങൾക്ക് കാരണമാകുന്നു. പവർ പ്ലാന്റുകളിലെ കൽക്കരി ഉപയോഗമാണ് ഇതിലെ 298,000 മരണങ്ങൾക്ക് കാരണം. റോഡ് ഗതാഗതത്തിന് പ്രട്രോൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269,000 മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
2020 മുതൽ 2024 വരെയുള്ള കാലയളവിൽ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവർഷം ശരാശരി 10,200 മരണങ്ങൾക്ക് കാരണമായെന്നാണ് എന്നാണ് മറ്റൊരു കണ്ടെത്തൽ. കാട്ടുതീ ഉണ്ടാക്കിയ പുക ഇത് 2003 മുതൽ 2012 കാലയളവിൽ 28 ശതമാനം വർധനവാണ് ഈ കണക്കിൽ ഉണ്ടായിട്ടുള്ളത്.
ഇന്ത്യൻ വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഗാർഹിക വായു മലിനീകരണം മൂലം 100,000 ആളുകളിൽ ശരാശരി 113 മരണങ്ങൾക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. 2022 ലെ കണക്കുകളാണ് റിപ്പോർട്ട് പരാമർശിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ആണ് ഇത്തരം മരണനിരക്ക് കൂടുതൽ. 2022 ൽ ഇന്ത്യയിൽ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് ജിഡിപിയുടെ 9.5 ശതമാനത്തിന് തുല്യമായ 339.4 ബില്യൺ ഡോളർ വരുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.
