'എല്ലാ പ്രശ്‌നവും തീരും; സംസാരിച്ച കാര്യങ്ങൾ വെളിപ്പെടുത്തില്ല'; സിപിഐ ആസ്ഥാനത്ത് എത്തി ബിനോയ് വിശ്വത്തെ കണ്ട് ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ  പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വിശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തി. ചർച്ചയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.


ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി മൗനത്തിലൊതുക്കി. കൂടിക്കാഴ്ചയിൽ മന്ത്രി ജിആർ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവൻകുട്ടി പറഞ്ഞു.


ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ മന്ത്രി ബിനോയ് വിശ്വത്തിനോട് വിശദീകരിച്ചതായാണ് വിവരം. ധാരണാപത്രത്തിൽ ഒപ്പിട്ട കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് സിപിഐ മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒക്ടോബർ 16നാണ് ധാരണാപത്രം തയാറാക്കിയത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ സിപിഐ എതിർത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സർക്കാരാണിതെന്നും സിപിഐ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എംഎൻസ്മാരകത്തിൽ എത്തിയത്. സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Previous Post Next Post