കൊച്ചി: കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ നിരാശയിലാഴ്ത്തി ആ കാര്യത്തിൽ അന്തിമ തീരുമാനം വന്നു. മെസിയും ലോകകപ്പ് നേടിയ അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്ക് കളിക്കാനെത്തില്ല. കേരളത്തിലേക്ക് വരുന്നില്ലെന്നു സ്‌പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) സ്ഥിരീകരിച്ചു. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സ്‌പോൺസറുടെ സ്ഥിരീകരണം.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബർ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോൺസറുടെ വിശദീകരണം. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് പറയുന്നത്.
അതേസമയം കേരളം മത്സരത്തിനു സജ്ജമല്ലെന്നു അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ വിലയിരുത്തിയതായി അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിശ്ചിത സമയത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കില്ലെന്നു എഎഫ്എ വിലയിരുത്തിയതായി റിപ്പോർട്ടുണ്ട്.
നവംബർ 17നു അർജന്റീന ടീം ഓസ്‌ട്രേലിയയുമായി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്‌പോൺസറും പറഞ്ഞത്. ലുവാണ്ടയിൽ അംഗോളയ്‌ക്കെതിരെ അർജന്റീന കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നപ്പോഴും ഇന്ത്യയിലേക്ക് വരുന്നത് അവർ സ്ഥീകരിച്ചിരുന്നില്ല. എന്നാൽ അപ്പോഴും മെസിയും സംഘവും വരുമെന്നായിരുന്നു സർക്കാരും സ്‌പോൺസറും ആവർത്തിച്ചു പറഞ്ഞത്.
