കൊച്ചി: മകന് ഏതു കേസിലാണ് ഇഡി സമൻസെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. സമൻസിൽ തുടർനടപടി ഉണ്ടാകാതിരിക്കാൻ ആരാണ് ഇടപെട്ടതെന്ന് ഇഡിയും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഭീഷണിയും പരിഹാസവും തന്നോട് വേണ്ടെന്നും എംഎ ബേബിയോട് മതിയെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിൽ ബോംബ് പൊട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ ഇനിയും സൂക്ഷിക്കണമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇഡിയുടെ സമൻസിന്റെ കാര്യത്തിൽ മറുപടി പറയാതെ വൈകാരികമായി സംസാരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സതീശൻ പറഞ്ഞു. 'അദ്ദേഹത്തിന്റെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് അയച്ചതിൽ പ്രതിപക്ഷം പ്രതികരിക്കരുതെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ എംഎ ബേബി വരെ പ്രതികരിച്ചു. മുഖ്യമന്ത്രി സംഭവം വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് സമൻസ് നൽകിയ കാര്യം ഇഡിയാണ് വ്യക്തമാക്കിയത്, എന്തു കാര്യത്തിനാണെന്ന് മറപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായ മറുപടിയല്ല കേരളം പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഞാൻ പ്രതികരിക്കേണ്ടേ? അതിന് അദ്ദേഹം പരിഹസിക്കുകയോ ഭീഷണപ്പെടുത്തുകയോ വേണ്ട. അത് എംഎ ബേബിയുടെ അടുത്ത് മതി. എന്റെ അടുത്ത് വേണ്ട'
'ഏത് സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നിന്നുപോയതെന്ന് വ്യക്തമാക്കേണ്ടത് ഇഡിയാണ്. മുകളിൽ നിന്ന് ഇഡിക്ക് നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നിന്നുപോയതെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. അത് ശരിയാണോയെന്ന് അറിയില്ല. ഇഡിയുടെ മേലുദ്യോഗസ്ഥൻമാരാണോ രാഷ്ട്രീയ നേതാക്കൻമാരുടെ ഇടപെടലാണോ തുടർനടപടി നിർത്തിയതെന്ന ദൂരുഹത നിലനിൽക്കുന്നുണ്ട്. ഇതിൽ മുഖ്യമന്ത്രി മറപടി പറയാത്ത സാഹചര്യത്തിൽ ഇഡി തന്നെ ഇക്കാര്യം വ്യക്തമാക്കണം. ഇഡിയുടെ വെബ്സൈറ്റിൽ കിടക്കുന്ന നോട്ടീസിൽ എന്ത് ഗൂഢാലോചന നടത്താനാണ്. ആരോ ഒരാൾ ബോംബ് പൊട്ടുമെന്ന് പറഞ്ഞു. ഞാൻ ബോംബ് പൊട്ടുമെന്നൊന്നും പറഞ്ഞിട്ടില്ല. സിപിഎം സൂക്ഷിച്ചിരിക്കണമെന്ന് പറഞ്ഞു. പല സാധനങ്ങളും വരുമെന്ന് പറഞ്ഞു. അയ്യപ്പന്റെ ദ്വാരപാലകശിൽപം വിറ്റകാര്യം വരെ പുറത്തുവന്നില്ലേ?. ഇനിയും വരും.
പിണറായി വിജയനെ സഹായിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. ലാവ്ലിൻ കേസ് കോടതി പരിഗണിക്കുന്ന ദിവസം വക്കീലിന് പനിയായിരിക്കും. 35 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചത്. സിബിഐക്ക് ഒരു താത്പര്യവും ഇല്ല. അക്കാര്യം പ്രതിപക്ഷം ജനങ്ങളോട് പറയേണ്ടേ? കേരളം ഒഴികെയുള്ള ബിജെപി ഇതര സർക്കാരുകളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി വേട്ടയാടുന്നു. ഇവിടെ കേസ് ഉണ്ടായിട്ടും അതെല്ലാം ഒത്തുതീർക്കുകയാണ്. എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് ആദ്യം പറഞ്ഞത് ഞാനാണ്. ആദ്യം ഇരുകൂട്ടരും നിഷേധിച്ചു. പിന്നീട് കണ്ടാൽ എന്താണ് കുഴപ്പമെന്നായി. തൃശൂർ പൂരം കലക്കി, തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചു. ഇതെല്ലാം പിണറായി വിജയനും ബിജെപി ദേശീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഭാഗമാണ്' സതീശൻ പറഞ്ഞു.
