വീണ്ടും ചരിത്രംകുറിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ്; കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു

കോട്ടയം മെഡിക്കല്‍ കോളേജിന് പ്രശസ്തിയേറ്റി വീണ്ടും ഡോ. ടി.കെ. ജയകുമാറും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗവും.

കേരളത്തിലെ സർക്കാർ ആശുപത്രിയില്‍ ഇവിടെ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു.

തിരുവനന്തപുരം സ്വദേശി മസ്തിഷ്കമരണം സംഭവിച്ച അനീഷില്‍നിന്നാണ് കോട്ടയം മെഡിക്കല്‍കോളേജിലെ രോഗിക്ക് ശ്വാസകോശം ലഭിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി വൈകിയും ശസ്ത്രക്രിയ തുടർന്നു.

ഇവിടെ തന്നെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയയും നടക്കുന്നത്. ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തില്‍ ഒരേസമയം ശ്വാസകോശവും ഹൃദയവും മാറ്റിവയ്‌ക്കുന്ന ശസ്ത്രക്രിയകള്‍ നടക്കുന്നതും അത്യപൂർവം.

ഹൃദ്രോഗ ശസ്ത്രക്രിയവിഭാഗം മേധാവിയായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വർഷങ്ങളായുള്ള പരിശ്രമമാണ് ഹൃദയവും ശ്വാസകോശവും മാറ്റിവയ്‌ക്കാനുള്ള ശസ്ത്രക്രിയയ്‌ക്ക് ആശുപത്രിയെ സജ്ജമാക്കിയത്. 2015 ഫെബ്രുവരി 16-ന് രണ്ട് അവയവ മാറ്റങ്ങള്‍ക്കുമുള്ള സർക്കാർ അനുമതിയും ലൈസൻസും ആശുപത്രിക്ക് ലഭിച്ചു. 2015 സെപ്റ്റംബർ 15-നാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. 10 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.

ശ്വാസകോശം മാറ്റിവയ്‌ക്കുന്നതിന് 2015 മുതലുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്.
Previous Post Next Post