രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ്

75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്‍ക്കുന്നതിന്റെ അഭിമാനത്തിലും ആവേശത്തിലും പാലാ സെന്റ് തോമസ് കോളജ്.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് വ്യക്തമാക്കി.

'എ' ബ്ലോക്ക് ഉള്‍പ്പെടെയുള്ള കോളജിന്റെ പ്രധാന കെട്ടിടങ്ങള്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി മനോഹരമാക്കി. വൈദ്യുത ദീപാലങ്കാര പ്രഭയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന കോളജിന്റെ ചിത്രവും രാഷ്ട്രപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ബോര്‍ഡുകളും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോളേജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിനുശേഷം വൈകുന്നേരം 4.50 ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പാസ്സ് ലഭിച്ചവര്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ്സ് കൂടാതെ ഒരു ഐഡി പ്രൂഫും കൂടി കൊണ്ടുവരേണ്ടതാണ്. 2.30 ന് മുന്‍പായി ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള യാതൊരുവസ്തുക്കളും ഹാളില്‍ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്‍പ്പിക്കേണ്ടതാണ്.

ഊരാശാലയ്ക്ക് സമീപമുള്ള സണ്‍ സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തും പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളേജിന്റെ 'എച്ച്‌' ബ്ലോക്കിനുമുന്നിലുമാണ് പാര്‍ക്കിങ് ക്രമീകരിച്ചിരിക്കുന്നത്. സി ആര്‍ ഹോസ്റ്റലിനു മുന്‍വശം വിഐപികള്‍ക്കുള്ള പാര്‍ക്കിങ് ഏരിയായാണ്.

4.00 മണിക്ക് ബിഷപ് വയലില്‍ ഹാളില്‍ വച്ച്‌ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, പാലാ രൂപതാദ്ധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, എംപിമാരായ ജോസ് കെ മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, എംഎല്‍എ മാണി സി കാപ്പന്‍, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്ബില്‍, ബര്‍സാര്‍ മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സന്നിഹിതരാകും. സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

Previous Post Next Post