സ്കൂൾ കായിക മേള: അത്‌ലറ്റിക്‌സ് ചാംപ്യന്മാരായി മലപ്പുറം; ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണ കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: പുത്തൻ റെക്കോർഡുകൾക്കും പ്രതീക്ഷകൾക്കും വഴിവെച്ച സംസ്ഥാന സ്‌കൂൾ കായികമേളയിൽ മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് ചാംപ്യന്മാർ. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയിച്ചാണ് അത്‌ലറ്റിക്‌സ് കിരീടം തുടർച്ചയായി രണ്ടാം തവണയും മലപ്പുറം ഉയർത്തിയത്. സീനിയർ റിലേ മത്സരത്തിന് മുൻപ് പാലക്കാടിനായിരുന്നു മുൻതൂക്കം. എന്നാൽ അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും റിലേയിൽ പാലക്കാടിനെ പരാജയപ്പെടുത്തി സ്വർണം കരസ്ഥമാക്കിയാണ് മലപ്പുറം അത്‌ലറ്റിക്‌സിൽ ആധിപത്യം ഉറപ്പിച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെയാണ് മലപ്പുറം ചാംപ്യൻമാരായിരിക്കുന്നത്. അടുത്ത വർഷം സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കണ്ണൂരാണ് ആതിഥേയത്വം വഹിക്കുക.


അവസാന ദിവസമായ ഇന്ന് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് 20 പോയിന്റിന്റെ ലീഡ് മലപ്പുറത്തിന് ഉണ്ടായിരുന്നു. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്റെ കുതിപ്പിനാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. അതിന് ശേഷം നടന്ന സബ് ജൂനിയർ വിഭാഗം റിലേയിലും പാലക്കാട് സ്വർണം നേടുന്ന സാഹചര്യം ഉണ്ടായി. ഇതോടെ പോയിന്റ് പട്ടികയിൽ പാലക്കാട് മുന്നിൽ വന്നു. എന്നാൽ അവസാനം നടന്ന സീനിയർ റിലേ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചാണ് മലപ്പുറം കിരീടം സ്വന്തമാക്കിയത്.


എന്നാൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം തിരുവനന്തപുരത്തിനാണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ മറ്റു ജില്ലകളെ നിഷ്പ്രഭമാക്കി വലിയ കുതിപ്പ് കാഴ്ചവെച്ച് തിരുവനന്തപുരം കനകകിരീടം ഉറപ്പിച്ചിരുന്നു. സ്‌കൂൾ തലത്തിൽ മലപ്പുറത്തുള്ള ഐഡിയൽ കടകശ്ശേരിയാണ് ഒന്നാമത് എത്തിയത്.


എട്ട് ദിവസം നീണ്ടുനിന്ന കായികമേള ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് 4.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയാകും. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ തിരുവനന്തപുരം ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഗവർണർ ജേതാക്കൾക്ക് സമ്മാനിക്കും.


ഓവറോൾ ചാമ്പ്യന്മാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും. വർണാഭമായ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 100 ഭിന്നശേഷി വിദ്യാർഥികളുടെ സംഘനൃത്തവും 500 പേർ അണിനിരക്കുന്ന സൂംബയും പരിപാടിയുടെ മുഖ്യ ആകർഷകമാകും. ബാൻഡ്മേളം, മ്യൂസിക് ബാൻഡ് എന്നിവയും ഉണ്ടാകും

Previous Post Next Post