ആലപ്പുഴ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയശേഷം യുവാവിനെ ആക്രമിച്ച് 15,000 രൂപയും രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളും കവർന്ന പ്രതികൾ പൊലീസ് പിടിയിൽ. ചെറുതന ഇലഞ്ഞിക്കൽ യദുകൃഷ്ണൻ (27), വീയപുരം പായിപ്പാട് കടവിൽ മുഹമ്മദ് ഫാറൂക്ക് (27), ചെറുതന തെക്ക് വല്യത്ത് പുത്തൻപുരയിൽ അശ്വിൻ വർഗീസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കരുവാറ്റയിലെ ഡ്രൈവിങ് പരിശീലകൻ വിഷ്ണുവിനെ വെള്ളിയാഴ്ചയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങിയ വിഷ്ണുവിനെ ഡാണാപ്പടി ഭാഗത്തുവെച്ച് യദുകൃഷ്ണൻ കൈകാണിച്ചു. അടുത്ത ജങ്ഷനിലിറക്കാമോയെന്നുചോദിച്ച് ബൈക്കിൽക്കയറി. പിന്നീട് വീട്ടിലേക്കു വിടാമോയെന്നു ചോദിച്ചു. യദുകൃഷ്ണനെ കണ്ടുപരിചയമുള്ളതിനാൽ വിഷ്ണു കരുവാറ്റ മങ്കുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ചു.
തുടർന്ന്, വീട്ടിൽക്കയറാൻ നിർബന്ധിച്ചശേഷം മുറിയിൽപൂട്ടിയിട്ട് മറ്റുപ്രതികളും കൂടിച്ചേർന്ന് മർദിക്കുകയായിരുന്നെന്നു. മെബൈൽഫോണും ബൈക്കിന്റെ താക്കോലും ആദ്യംതന്നെ വാങ്ങി. പിന്നാലെ രണ്ടുപവന്റെ സ്വർണമാലയും അരപ്പവന്റെ കൈച്ചെയിനും പൊട്ടിച്ചെടുത്തു. ഗൂഗിൾ പേയിലൂടെ 15,000 രൂപയും വാങ്ങി. കേസിൽ പിടിയിലായ യദുകൃഷ്ണൻ കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
രാത്രി പ്രതികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ പ്രതികളിലൊരാളായ അശ്വിൻ വർഗീസ് ഓടിപ്പോയി. ഇയാളെ പിടികൂടാൻ കൂട്ടുപ്രതികൾ പുറത്തേക്കു പോയപ്പോഴാണ് താൻ രക്ഷപ്പെട്ടതെന്നാണ് വിഷ്ണു പൊലീസിനു മൊഴിനൽകിയത്. വിഷ്ണു വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പ്രതികളിലൊരാളുടെ കരുവാറ്റയിലെ വീട്ടിൽ തന്നെ ആക്രമിക്കുമ്പോൾ മറ്റു രണ്ട് ചെറുപ്പക്കാരെ നഗ്‌നരാക്കി മുറിയിൽപൂട്ടിയിട്ടിരുന്നതായി വിഷ്ണു മൊഴിനൽകിയിട്ടുണ്ട്. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്.ഐ. ഷൈജ, എഎസ്ഐമാരായ ശിഹാബ്, പ്രിയ, സിപിഒമാരായ നിഷാദ്, ശ്രീജിത്ത്, സജാദ്, രാകേഷ്, അമൽ, വിശ്വജിത്ത്, അഭിജിത്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
