ആലപ്പുഴ: 25 കോടിയുടെ തിരുവോണം ബംപർ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി ആര് എന്ന ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ് നായർ ആണ് ആ ഭാഗ്യശാലി. നെട്ടൂരിൽ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായർ ബാങ്കിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. നെട്ടൂരിൽ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാർത്ത വന്നെങ്കിലും ഭാഗ്യവാൻ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ അവർക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാർഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
നെട്ടൂരിൽ പെയിന്റ് കട ജീവനക്കാരനാണ് ശരത് എസ് നായർ. ലോട്ടറി അടിച്ചതിൽ സന്തോഷമെന്ന് ശരത് എസ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. 'വീട്ടുകാർ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാൻ ഓഫീസിൽ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികൾ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപർ ലോട്ടറി എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം'- ശരത് എസ് നായർ പറഞ്ഞു.
