ശബരിമല സ്വർണപ്പാളിയിൽ ഗൂഢാലോചന സംശയിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ; കൈമാറിയത് സ്വർണപ്പാളി തന്നെയെന്ന് മന്ത്രി നിയമസഭയിൽ

കൊച്ചി: ശബരിമല സ്വർണപ്പാളി യുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ദേവസ്വം വിജിലൻസ് എസ് പി കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിർണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. ശബരിമല സ്വർണപ്പാളി മാറ്റിയതിൽ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് വിജിലൻസ് കോടതിക്ക് നൽകിയിട്ടുള്ളതെന്നാണ് സൂചന. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.


ശബരിമലയിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2019 ലെ ഇടപാടിൽ വിശദമായ അന്വേഷണം വേണം. അന്നു കൊണ്ടുപോയത് ചെമ്പുപാളിയല്ല, സ്വർണ്ണപ്പാളി തന്നെയാണ്. മലയിറങ്ങിയതും സ്വർണപാളിയാണ്. എന്നാൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത്‌ചെമ്പു പാളിയാണെന്നാണ് കമ്പനി പറയുന്നത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടികൾ സംശയാസ്പദമാണ്. യഥാർത്ഥ പാളി മാറ്റിയോ എന്ന് അന്വേഷിക്കണം. ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.


നിലവിലുള്ള ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളിയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനുള്ള അനുമതി വേണമെന്നും വിജിലൻസ് ആവശ്യമുന്നയിച്ചു. വിജയ് മല്യ സ്വർണ്ണം സമർപ്പിച്ചതു മുതൽ 2019 ൽ സ്വർണപ്പാളി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കണമെന്നും ദേവസ്വം വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിക്കേണ്ട പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ വിജിലൻസ് സംഘം ഹൈക്കോടതിയുടെ അനുമതി തേടുമെന്നാണ് സൂചന.


കേസിൽ എഡിജിപി തലത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്ന് സർക്കാരും ദേവസ്വം ബോർഡും കോടതിയിൽ ആവശ്യമുന്നയിച്ചതായാണ് വിവരം. അതിനിടെ, 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വർണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു. വീഴ്ചകളെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post