പേരൂർ : ഏറ്റുമാനൂരപ്പന്റെ പുത്രീസങ്കൽപ്പത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഭഗവതി ക്ഷേത്രമായ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന പാഡി ആർട്ട് ശ്രദ്ധേയമാകുന്നു. നെൽപ്പാടത്ത് ശംഖ് ചക്ര ഗദാധാരിയായ മഹാവിഷ്ണുവിന്റെ രൂപമാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ജനങ്ങളാണ് അനുദിനം ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ എത്തിച്ചേരുന്നത്. ഉത്തർപ്രദേശിൽ നിന്നും കൊണ്ടുവന്ന ഔഷധ ഇനത്തിൽപ്പെട്ട ഡാബർ ശാല എന്ന നെൽവിത്താണ് വയലറ്റ് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
കുമ്മായം കൊണ്ട് മഹാവിഷ്ണുവിന്റെ രൂപം വരച്ചശേഷം ഡാബർ ശാല നെൽവിത്തിൽ കിളിർത്ത നെൽച്ചെടികൾ പറിച്ചുനട്ടാണ് രൂപം ഒരുക്കിയത്. കിലോഗ്രാമിന് 500 രൂപ വിലയാണ് ഈ നെൽവിത്തിന്. 40 കിലോയോളം നെൽവിത്ത് വേണ്ടിവന്നു ഈ പ്രക്രിയ പൂർത്തിയാക്കുവാൻ. വിളവിൽ ഭൂരിഭാഗവും ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കാണ് പ്രധാനമായും എടുക്കുന്നത്. ചുറ്റുമുള്ള പച്ചപ്പിനായി ജ്യോതി ഇനത്തിൽപ്പെട്ട നെൽച്ചെടികളാണ് നട്ടത്. മുൻവർഷങ്ങളിൽ വാളും ചിലമ്പും ശിവലിംഗവുമായിരുന്നു ക്ഷേത്രത്തോട് ചേർന്നുള്ള പാടത്ത് ഒരുക്കിയിരുന്നത്.
ഉപയോഗശൂന്യമായി കിടന്ന പാടശേഖരം ഒരു കൂട്ടം ചെറുപ്പക്കാരുടെ നിരവധി ദിവസത്തെ പ്രയത്നം കൊണ്ടാണ് ഇന്ന് കാണുന്ന വിധത്തിൽ പുനസൃഷ്ടിച്ചത്. ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ കണ്ടൻചിറ കവലയ്ക്ക് സമീപമായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ദേവസ്വം ഫോൺ നമ്പർ:+91 94453 61690
