തൃശൂർ: അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെയാണ് തൃശൂർ കൊടുങ്ങല്ലൂരിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരമായ ഇവാഞ്ചലോയുടെ നടത്തിപ്പുകാരനായ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ച്് എറണാകുളം അരൂർ സ്വദേശി സുദർശനാണ് (44) ക്രൂരമായി മർദനമേറ്റത്. 18ന് വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് സുദർശനെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി. മനോനില ശരിയല്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് സെൻട്രൽ പൊലീസ് ആണ് സുദർശനെ അഗതിമന്ദിരത്തിലെത്തിച്ചത്. അവിടെ വച്ച് മാനസിക പ്രശ്നമുള്ളവർ തമ്മിൽ വഴക്ക് ഉണ്ടായി. അതിനിടെ സുദർശനെ നിയന്ത്രിക്കാൻ വേണ്ടി നടത്തിപ്പുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് കൊടുങ്ങല്ലൂർ പൊലീസിന്റെ കണ്ടെത്തൽ.
മർദനത്തെ തുടർന്ന് അവശനായതോടെ സുദർശനെ അഗതി മന്ദിരത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയിൽ കണ്ട സുദർശനെ കൊടുങ്ങല്ലൂർ പൊലീസ് ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുദർശന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
11 കേസുകളിലെ പ്രതിയാണ് സുദർശൻ. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. അക്രമികൾ കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശൻ.
